ഗോദ്ര ട്രെയിന്‍ തീവെപ്പ് ; കോണ്‍ഗ്രസ് ഗൂഢാലോചന എന്ന് ഗുജറാത്ത് പാഠപുസ്തകത്തില്‍

ഗുജറാത്ത് കലാപത്തിന് കാരണമായ ഗോദ്ര ട്രെയിന്‍ തീവെപ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് ഗുജറാത്തിലെ പാഠപുസ്തകത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് തയാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപുസ്തകത്തിലാണ് ഗോദ്ര സംഭവം കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന് വിവരിച്ചിട്ടുള്ളത്. സബര്‍മതി റെയില്‍വെ സ്റ്റേഷനില്‍ 59 കര്‍സേവകരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ തീവെപ്പ് ഗോദ്രയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ഗൂഢാലോചനയാണെന്നാണ് പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്. 2002 ഫെബ്രുവരിയിലായിരുന്നു സംഭവം നടന്നത്.

‘ഗുജറാത്തിന്റെ രാഷ്ട്രീയ വീരഗാഥകള്‍’ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശം. 2018ല്‍ മുന്‍ ബിജെപി എംപിയും ബോര്‍ഡിന്റെ വൈസ് പ്രസിഡന്റുമായ ഭാവനബെന്‍ ദേവിന്റെ മേല്‍നോട്ടത്തില്‍ പുറത്തിറക്കിയ പുസ്തകമാണിത്. സുസ്ഥിരമായ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍, 2002 ഫെബ്രുവരി 27ന് ഗൂഢാലോചന നടന്നതായും പുസ്തകത്തിലെ വിവാദ ഖണ്ഡികയില്‍ പറയുന്നുണ്ട്.

വിദ്യാഭ്യാസ മന്ത്രിയാണ് ഗുജറാത്ത് ഗ്രന്ഥനിര്‍മാണ ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നാണ് സര്‍വകലാശാല തലത്തിലുള്ള പ്രാദേശിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഫണ്ട് ബോര്‍ഡിന് ലഭിക്കുന്നത്. ഗോദ്ര തീവെപ്പിന് ശേഷമാണ് ഗുജറാത്തിലെ കുപ്രസിദ്ധ കലാപം പൊട്ടിപ്പെട്ടത്. മുസ്ലിം മത വിഭാഗത്തില്‍പ്പെട്ടവരായിരുന്നു കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും.