നഗരത്തില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമില്ല ; പുതിയ നിയമം പാസാക്കി സര്‍ക്കാര്‍
തലക്കെട്ട് വായിച്ചു സന്തോഷിക്കേണ്ട. ജനങ്ങളെ എങ്ങനെ ഫൈന്‍ അടിച്ചേല്‍പ്പിച്ചു ഖജനാവ് നിറയ്ക്കാം എന്ന് മാത്രം ചിന്തിക്കുന്ന കേരളത്തില്‍ അല്ല. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ അങ്ങ് ഗുജറാത്തിലാണ് കേന്ദ്രനിയമം കാറ്റില്‍പ്പറത്തി പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചാല്‍ മതി എന്നാണു ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം.
ജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പും ബുദ്ധിമുട്ടുകളും മാനിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നഗരത്തിലുള്ളവര്‍ അധികം ദൂരം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരല്ലെന്നാണ് നിയമ ഭേദഗതിയ്ക്ക് കാരണമായി ഗതാഗതമന്ത്രി ആര്‍.സി. ഫല്‍ദു ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കേണ്ടെന്നാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര ഗതാഗതനിയമത്തെ മറികടന്നാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ ഈ തീരുമാനം.
അതേസമയം, പഞ്ചായത്ത് പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതകളിലും ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ പിഴ ഇടാക്കുവാനും നിയമമുണ്ട്. സെപ്റ്റംബര്‍ 1 മുതലാണ് രാജ്യത്ത് ഗതാഗതനിയമം കര്‍ശനമാക്കിയത്. എന്നാല്‍, ഗതാഗതനിയമങ്ങള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ കനത്തപിഴ ആദ്യം വെട്ടിക്കുറച്ചത് ഗുജറാത്ത് സര്‍ക്കാരാണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നഗരപരിധിയില്‍ ഹെല്‍മെറ്റും നിര്‍ബന്ധമല്ലാതാക്കുന്നത്. കേരളത്തില്‍ പിന്‍ സീറ്റിലും ഹെല്‍മെറ്റ് വേണമെന്ന നിയമത്തിന്റെ വാല് പിടിച്ചു പോലീസ് കര്‍ശനമായ നടപടി സ്വീകരിച്ചിരിക്കുന്ന സമയമാണ് ഗുജറാത്തില്‍ പുതിയ നിയമം നിലവില്‍ വന്നത്.