ഷെയ്ന്‍ നിഗം വിവാദത്തില്‍ ‘അമ്മ’യില്‍ പൊട്ടിത്തെറി?

ഷെയ്ന്‍ നിഗം വിവാദത്തില്‍ ചലച്ചിത്ര താര സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി എന്ന് റിപ്പോര്‍ട്ടുകള്‍.  പ്രശ്‌നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ചൊല്ലിയാണ് അമ്മയില്‍ ഭിന്നത രൂക്ഷമായത്. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്ന് നിര്‍വാഹക സമിതിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചര്‍ച്ചയുമായി മുന്നോട്ട് പോകാനാണ് ‘അമ്മ’യുടെ തീരുമാന0. അമ്മ ഭാരവാഹികള്‍ ഫെഫ്കയുമായി ചര്‍ച്ച നടത്തുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. അമ്മ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാട് തനിക്ക് സ്വീകാര്യം എന്ന് ഷെയ്ന്‍ അറിയിച്ചതായും ഫെഫ്കയുമായി ഉള്ള കൂടിക്കാഴ്ചക്ക് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അമ്മ പ്രസിഡന്റായ മോഹന്‍ലാലിനെ അറിയിച്ചുണ്ട്. പ്രശ്‌നം എത്രയും വേഗം ഒത്ത് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. -ഇടവേള ബാബു പറഞ്ഞു. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്‍ സിദ്ദീഖിന്റെ മധ്യസ്ഥതയില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു.

ഷെയ്ന്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് കരുതുന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇടവേള ബാബു പറഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇനി ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ച നടത്തി അവരുടെ നിലപാട് കൂടി അറിയണമെന്നാണ് അദ്ദേഹം അറിയിച്ചത്.

നിര്‍ത്തി വച്ചിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള സാധ്യതകള്‍ തേടിയാണ് അമ്മ ചര്‍ച്ച നടത്തുക.  വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാവിധ സഹകരണങ്ങളും ഷെയ്‌നിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന രീതിയിലാണ് AMMA ചര്‍ച്ച നടത്തുക.