പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ്

മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്ത്രണ്ട് മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്ക് ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ പ്രധാമന്ത്രിയുടെ ഉള്‍പ്പെടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മിക്കയിടങ്ങളിലും വാഹനങ്ങള്‍ക്ക് തീയിട്ടു.

അസമിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രതിഷേധക്കാര്‍ റയില്‍ ഗതാഗതം തടസപ്പെടുത്തി. ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മണിപ്പൂരില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷ സംവിധാനനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അസമില്‍ ചിലയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോക്സഭയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് പൗരത്വ ബില്‍ പാസാക്കിയത്. എഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും ചര്‍ച്ച ഉപസംഹരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ മറുപടിക്കും തുടര്‍ച്ചയായാണ് ബില്ലിന്മേല്‍ വോട്ടെടുപ്പ് നടന്നത്. ബില്ലിനെ 80 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 311 അംഗങ്ങള്‍ അനുകൂലിച്ചു. ഇതിന് പിന്നാലെയാണ് അസമില്‍ പന്ത്രണ്ട് മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചത്. മുസ്ലീങ്ങള്‍ ഒഴികെയുള്ള പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.