മംഗളൂരു വെടിവെപ്പ് ; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചു.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന ശക്തമായ പ്രതിഷേധങ്ങളിലൊന്നായിരുന്നു മംഗലാപുരത്തേത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ജലീല്‍ കുദ്രോളി, നൗഷീന്‍ എന്നിവര്‍ക്കാണ് ഡിസംബര്‍ 19ന് പൊലീസ് നടത്തിയ വെടിവയ്പില്‍ ജീവന്‍ നഷ്ടമായത്.

ഡിസ0ബര്‍ പത്തൊന്‍പത് 4.30ഓടെയുണ്ടായ പോലീസ് വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരോടൊപ്പം പരിക്കേറ്റമുന്‍ മേയര്‍ അഷ്‌റഫിന്റെയും നസീമിന്റെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞ ദിവസം മംഗളുരുവിലെത്തിയ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം മംഗളുരു പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ ഇന്നും ഇളവു നല്‍കിയിട്ടുണ്ട്. വൈകിട്ട് 6 മണി വരെയാണ് ഇളവ്. ശേഷം അര്‍ധരാത്രി വരെ കര്‍ഫ്യൂ നിലനില്‍ക്കും. തിങ്കളാഴ്ച മുതല്‍ വീണ്ടും മംഗളുരുവില്‍ നിരോധനാജ്ഞ നിലവില്‍വരും. കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയതോടെ നിരത്തുകളില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി.