രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കൂട്ട ശിശുമരണം ; മരിച്ചത് 134 കുട്ടികള്‍
രാജസ്ഥാനില്‍ കുട്ടികള്‍ കൂട്ടമായി മരിച്ചതിനു സമാനമായി ഗുജറാത്തിലും ശിശുമരണം. രണ്ട് ആശുപത്രികളിലായി 134 കുട്ടികളാണ് മരിച്ചത്. അഹമ്മദാബാദ്, രാജ്കോട്ട് സിവില്‍ ആശുപത്രികളിലാണ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത്.
പോഷകാഹാരക്കുറപ്പ്, അതിരൂക്ഷമായ ശൈത്യം, മാസം തികയാതെയുള്ള ജനനം എന്നിവയാണ് ഗുജറാത്തില്‍ കൂട്ട ശിശുമരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
അതിനിടെ രാജസ്ഥാനില്‍ മരിച്ച കുട്ടികളുടെ എണ്ണം 110 ആയി. ഇന്ന് രാവിലെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചിരുന്നു. 36 ദിവസത്തിനുള്ളിലാണ് രാജസ്ഥാനില്‍ 110 കുട്ടികള്‍ മരണമടഞ്ഞത്. രാജസ്ഥാനില്‍ കൂട്ട ശിശുമരണം സംഭവിക്കുമ്പോഴും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. മുന്‍ സര്‍ക്കാരുകളെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് 13 മാസമായെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.