ഇന്റര്‍നെറ്റ് സേവനം മൗലികാവകാശം ; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നു സുപ്രിംകോടതി
ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൗരന്മാരുടെ അവകാശം സംരക്ഷിക്കുക കോടതിയുടെ ചുമതലയാണ്. കശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു. പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് സസ്പെന്‍ഷന്‍ ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
‘ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിക്കാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണ്’ – കോടതി ചൂണ്ടിക്കാട്ടി.നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടുലകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹര്‍ജികളില്‍ കോടതി വിധി പ്രസ്താവന തുടങ്ങിയത്.
ഇന്റര്‍നെറ്റ് മൗലികാവകാശത്തിന്റെ ഭാഗമാണ്. പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങളാകാം. എന്നാല്‍ പൂര്‍ണമായി റദ്ദാക്കരുത്. സര്‍ക്കാര്‍ വെബ്സൈറ്റുകളും, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ നല്‍കണം.
മാധ്യമ സ്വാതന്ത്ര്യം തടയാന്‍ സര്‍ക്കാരിനാവുമോ, ഇന്റര്‍നെറ്റ് ലഭ്യത നിഷേധിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ സുപ്രിംകോടതി പരിശോധിച്ചു. പൗരന്റെ മൗലികാവകാശം തന്നെയാണ് ഇന്റര്‍നെറ്റെന്ന് സുപ്രിംകോടതി പറഞ്ഞു. പൂര്‍ണമായ ഇന്റര്‍നെറ്റ് നിരോധനത്തോട് യോജിക്കുന്നില്ല. സര്‍ക്കാര്‍ വെബ്സൈറ്റുകളും ബാങ്കിംഗ് സംവിധാനങ്ങളും ലഭ്യമാക്കാന്‍ സാധിക്കണം. ഏഴ് ദിവസത്തിനകം ഇത്തരം കാര്യങ്ങളില്‍ പുനഃപരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി ഹര്‍ജികളില്‍ വിധി പറഞ്ഞത്. ജസ്റ്റീസുമാരായ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് വിധി പറയുന്ന ബെഞ്ചില്‍ ജസ്റ്റിസ് എന്‍ വി രമണയ്ക്കു പുറമേയുള്ളത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്, ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത് ഉള്‍പ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. കശ്മീര്‍ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഗുലാം നബി ആസാദ് തുടങ്ങിയവരായിരുന്നു ഹര്‍ജിക്കാര്‍.