കശ്മീരികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പോണ്‍ ചിത്രങ്ങള്‍ കാണാന്‍ മാത്രമെന്ന് കേന്ദ്രം

ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് കശ്മീരില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും പോണ്‍ ചിത്രങ്ങള്‍ കാണാന്‍ മാത്രമാണ് കാശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും നീതി ആയോഗ് അംഗം വി.കെ സരസ്വത്.

ഇന്റര്‍നെറ്റ് നിര്‍ത്തിവച്ചത് കൊണ്ട് എന്ത് മാറ്റമാണ് കശ്മീരില്‍ ഉണ്ടായത്? അവര്‍ ഇന്റര്‍നെറ്റിലൂടെ എന്താണ് കാണുന്നത്? എന്ത് ഇന്റര്‍നെറ്റ് വ്യാപാരമാണ് അവിടെ നടക്കുന്നത്? അശ്ലീല ചിത്രങ്ങള്‍ കാണുന്നതല്ലാതെ അവിടെ ഇന്റര്‍നെറ്റ് കൊണ്ട് മറ്റൊരു ഉപയോഗവുമില്ല – അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കശ്മീരിലെ രാഷ്ട്രീയക്കാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുവെന്നും ജെഎന്‍യു ചാന്‍സലര്‍ കൂടിയായ വികെ സരസ്വത് ആരോപിച്ചു.

രാഷ്ട്രീയക്കാര്‍ എന്തുകൊണ്ടാണ് കശ്മീരിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നത്? ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കശ്മീരില്‍ പുനരാവിഷ്‌കരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.
പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കാനാണ് അവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. -വികെ സരസ്വത് പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ആഗസ്റ്റ് അഞ്ച് മുതല്‍ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. സംസ്ഥാനത്ത് നിരോധനാജ്ഞയും പ്രഖ്യാപിക്കുകയും നേതാക്കാളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ഇന്നലെയാണ് പ്രീപെയ്ഡ് സേവനങ്ങള്‍ പുന:സ്ഥാപിക്കാന്‍ അധികാരികള്‍ ഉത്തരവിറക്കിയത്.