മണിപ്പൂരില്‍ സ്‌ഫോടനം ; ഒരാള്‍ക്ക് പരിക്ക്
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ ഇംഫാലിന്റെ പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ 10 വയസുകാരിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ 4:55 ന് ലാംഫെല്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ആര്‍ഐഎംഎസ് റോഡിലെ ഒരു വസ്ത്ര ഷോപ്പിന് മുന്നിലായിരുന്നു സംഭവം നടന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്‌ഫോടനത്തില്‍ അഞ്ചു കടകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തുകയാണ്. യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മി (UTLA) എന്ന സംഘടനയിലെ രണ്ട് പ്രവര്‍ത്തകരെ ആസാം റൈഫിള്‍സ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെത്തിരുന്നു.
ആസാം റൈഫിള്‍സും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരും പിടിയിലായത്. ഇതിനുള്ള പ്രതികാര നടപടിയായാണ് ഈ ഐഇഡി സ്ഫോടനമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്.