സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് ആപ്പ് മോഡല്‍ ആപ്പ് വരുന്നു ; നിര്‍ബന്ധമായും ഉപയോഗിക്കാന്‍ നിര്‍ദേശം
വാട്‌സപ്പ് മാതൃകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മെസേജിംഗ് ആപ്പുമായി കേന്ദ്രം. ‘ഗവണ്മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസ്’ (ഗിംസ്) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നിലവില്‍ വാട്‌സപ്പ് ഗ്രൂപ്പുകളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. ഗിംസ് പുറത്തിറങ്ങുന്നതോടെ വാട്‌സപ്പ് ഒഴിവാക്കി ഈ ആപ്പ് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
വാട്‌സപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെക്കപ്പെടുന്ന വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്ന കണ്ടെത്തലാണ് പുതിയ മെസേജിംഗ് ആപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാരിനു പ്രചോദനമായത്. വാട്‌സപ്പ് ഗ്രൂപ്പുകളിലൂടെ സര്‍ക്കാരുമായി ബന്ധപ്പെട്ട പല രഹസ്യ വിവരങ്ങളും പങ്കുവെക്കപ്പെടുന്നുണ്ടെന്നും അത് അപകടകരമാണെന്നും വിലയിരുത്തലുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളില്‍ ഗിംസ് ലഭ്യമാകും. റെയില്‍വേ, നാവിക സേന, സിബിഐ, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ ഗിംസ് ഉപയോഗിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ 6600 ആളുകള്‍ ഉപയോഗിക്കുന്ന ഗിംസിലൂടെ ഇപ്പോള്‍ 20 ലക്ഷം മെസേജുകള്‍ കൈമാറ്റം ചെയ്തിട്ടുണ്ട്.
നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) ആണ് ആപ്പ് പുറത്തിറക്കുക. ആന്‍ഡ്രോയ്ഡ്/ഐഒഎസ് ഫോണുകളില്‍ ആപ്പ് ലഭ്യമാവും. ഒറീസ, ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിലവില്‍ ഈ മെസേജിംഗ് ആപ്പ് ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ആപ്പിന്റെ ഉപയോഗം. അധികം വൈകാതെ മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗിംസ് ഉപയോഗിക്കേണ്ടി വരുമെന്നാണ് വിവരം.