ഗവര്‍ണ്ണറെ തടഞ്ഞു പ്രതിപക്ഷം ; സഭയില്‍ അസാധാരണ സംഭവങ്ങള്‍
നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചേര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവര്‍ണറെ കവാടത്തിന് സമീപത്ത് വെച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞ് നിര്‍ത്തിയത്. ‘ഗോ ബാക്ക്’ വിളിച്ചും ഗവര്‍ണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡും, ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായിട്ടാണ് എംഎല്‍എമാര്‍ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. നിയമസഭയ്ക്കു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധ0 തുടരുകയാണ്. ഇതിനു പിന്നാലെ ഗവര്‍ണര്‍ പ്രസംഗം തുടങ്ങി. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.
പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവര്‍ണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ്.
ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ സഭയില്‍ വായിക്കുമെങ്കിലും പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തില്ല.
വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുന്‍കൂട്ടി അറിയിക്കാറില്ല. എന്നാല്‍, 18-ാം ഖണ്ഡിക വായിക്കില്ലെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു തുടക്കമാകും.
എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തില്‍ എംഎല്‍എമാര്‍ക്കു ലഭിക്കുന്ന ആദ്യ സമ്മേളനമാണിത്. വായിച്ചു കഴിയുന്ന ഓരോ പേജും മേശപ്പുറത്തെ സ്‌ക്രീനില്‍ കാണാം.