നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ; പി ആര്‍ ഡി നല്‍കിയത് ഭരണപക്ഷത്തിന്റെ ദൃശ്യങ്ങള്‍ മാത്രം

കേരള നിയമസഭയില്‍ നിന്നും മാധ്യമങ്ങളെ പുറത്താക്കി. റിപ്പോര്‍ട്ട് ചെയ്യാന്‍ രാവിലെ എത്തിയ മാധ്യമങ്ങള്‍ക്ക് വലിയ തോതിലുള്ള വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. സഭയില്‍ മാത്രമല്ല മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ ഓഫീസിലേക്ക് പോകാനും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രസ് ഗ്യാലറിയില്‍ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു. പിആര്‍ഡി ഔട്ട് മാത്രമാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. അതിലും സഭയ്ക്കുള്ളിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കിയിട്ടില്ല. ഭരണപക്ഷത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്.

പ്രതിപക്ഷ ദൃശ്യങ്ങള്‍ ഒഴിവാക്കി ഭരണപക്ഷത്തിന്റെ ദൃശ്യങ്ങള്‍ മാത്രം നല്‍കിയ പിആര്‍ഡി നടപടിയില്‍ വ്യാപക പരാതി ഉയര്‍ന്നു, ഇതോടെ സംഭവം അന്വേഷിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പിന്നീട് സ്പീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ അതിന് ശേഷവും ദൃശ്യങ്ങള്‍ എടുക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായെത്തി. എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം പ്രതിപക്ഷം അത് നിരസിച്ചു. തുടര്‍ന്ന് സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

അതേസമയം നിയമസഭയില്‍ ഭരണപക്ഷം മാധ്യമങ്ങളെ വിലക്കിയത് മടിയില്‍ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധം ജനങ്ങള്‍ കാണരുതെന്ന ഫാസിസ്റ്റ് നയമാണ് സിപിഎമ്മിനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഫാസിസിറ്റ് ഭരണകൂടം വിലക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊവിഡ് കാലത്ത് പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ചുരുക്കിയപ്പോള്‍ മാധ്യമവിലക്കെന്ന് പ്രഖ്യാപിച്ച ബുദ്ധിജീവികളെയും സാംസ്‌കാരിക നായകന്‍മാരെയും ഇപ്പോള്‍ കാണാനില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ വിലക്കുന്ന കിംങ് ജോംങ് ഉന്നിന്റെ ശൈലിയാണ് പിണറായി വിജയന്‍ കേരളത്തിലും നടപ്പിലാക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച് നാണംകെടാതെ രാജിവെച്ച് അന്വേഷണം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത് എന്നും സുരേന്ദ്രന്‍ പറയുന്നു.