കൊറോണ വൈറസ് പിടികൂടി എന്ന് ഭയം ; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൊറോണവൈറസ് ഭീതിയില്‍ ആന്ധ്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തനിക്ക് ബാധിച്ച വൈറല്‍ പനി കൊറോണ വൈറസ് ആണെന്ന് സംശയിചാണ് അമ്പതുവയസുകാരനായ ബാല കൃഷ്ണഹാധ് എന്ന കര്‍ഷകന്‍ തൂങ്ങി മരിച്ചത് . ഭാര്യയെയും മക്കളെയും വൈറസ് ബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിനു വേണ്ടി ആയിരുന്നു ഇത്തരത്തിലൊരു നീക്കത്തിലേക്ക് ഇയാള്‍ എത്തിയത് കുടുംബക്കാര്‍ പറയുന്നു.

വൈറല്‍ പനി ബാധിച്ച ബാല കൃഷ്ണഹാദിനോട് ആളുകള്‍ കൊറോണ വൈറസ് പരിശോധന കൂടി നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നേരെ അമ്മയുടെ ശവകുടീരത്തില്‍ എത്തിയ അദ്ദേഹം അതിന് സമീപത്തുള്ള ഒരു മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. അയല്‍ക്കാര്‍ നടത്തിയ തിരച്ചിലിലാണ് ശവകുടീരത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. അതേസമയം പനി ബാധിച്ചപ്പോള്‍ മുതല്‍ അച്ഛന്‍ ഭയങ്കര ടെന്‍ഷനില്‍ ആയിരുന്നു എന്നും തങ്ങളെ ഒന്നും അരുകില്‍ വരാന്‍ പോലും സമ്മതിച്ചില്ല എന്നും മകന്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുകയും കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം, ഡോക്ടര്‍ വന്ന് നടത്തിയ പരിശോധനയില്‍ കൃഷ്ണഹാദിന് കൊറോണ വൈറസ് ബാധയില്ലെന്നും സാധാരണയുള്ള വൈറല്‍ പനി മാത്രമാണ് ഉളളതെന്നും കണ്ടെത്തി. ഹൈദരാബാദില്‍ ഇതുവരെയും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ആരും ഇത്തരത്തിലുള്ള കടുംകൈ ചെയ്യരുതെന്നും ശരിയായ ചികിത്സ തേടണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കി.