കൊറോണ വൈറസിന് ജനതിക മാറ്റം ; ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു

ലോകത്തിനെ വീണ്ടും ഭീതിയിലാഴ്ത്തി കൊറോണ വൈറസിന് ജനതിക മാറ്റം എന്ന് റിപ്പോര്‍ട്ട്. അതിനാല്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നില്‍ കണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു. സൗദി അറേബ്യക്കും ഒമാനും പിന്നാലെ കുവൈത്തും അതിര്‍ത്തി അടച്ചിടാന്‍ തീരുമാനിച്ചു.

യൂറോപ്പില്‍ നിന്നും ഡിസംബര്‍ എട്ടിന് ശേഷം എത്തിയവര്‍ രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായും ക്രിസ്തുമസ് അവധിയും മുന്നില്‍ കണ്ടാണ് ഒമാന്‍ അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് ഒമാന്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത്.

സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. സൗദിയില്‍നിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളില്‍നിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രാലയ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

1. ഒരാഴ്ചത്തേക്ക് മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകള്‍ അനുവദിക്കും. ഒപ്പം, നിലവില്‍ സൗദിയിലെത്തിയ വിദേശ വിമാനങ്ങള്‍ക്ക് തിരിച്ചുപോകാം.

2. ജല മാര്‍ഗവും, റോഡ് അതിര്‍ത്തികള്‍ വഴിയുള്ള യാത്രയും അടുത്ത ഒരാഴ്ചത്തേക്ക് റദ്ദാക്കി. ആവശ്യമെങ്കില്‍ ഒരാഴ്ച കൂടി തുടരും.

3. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഡിസംബര്‍ 8ന് ശേഷം സൗദിയില്‍ എത്തിയവര്‍ രണ്ടാഴ്ച ക്വാറന്റൈനിന്‍ കഴിയണം. ക്വാറന്റൈന്‍ സമയം ഓരോ അഞ്ചുദിവസം കോവിഡ് ടെസ്റ്റ് ചെയ്യണം.

4. യൂറോപ്പില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദര്‍ശനം നടത്തിയവരും കോവിഡ് ടെസ്റ്റിന് വിധേയരാവണം.

5. ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരും.

6. നടപടികള്‍ പുനഃപരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.

അതേസമയം ജനതിക മാറ്റം സംഭവിച്ച കൊറോണ വൈറസ് പഴയതിലും ഭീകരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പഴയ വൈറസിനെക്കാള്‍ ഇരട്ടിയിലധികമാണ് ഇതിന്റെ വ്യാപന സാധ്യത.