ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയില്‍ 20 പേരില്‍ സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ ദിവസം ആറുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം ഇരുപത് ആയി ഉയര്‍ന്നു. യുകെയില്‍ കണ്ടെത്തിയ സാര്‍സ് കോവ്-2 ശ്രേണിയില്‍ പെട്ട വൈറസിന് വ്യാപന ശേഷി വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ പരിശോധിച്ച എട്ട് സാമ്പിളുകളിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊല്‍ക്കത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജെനോമിക്‌സ്-1, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി-1, ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്-7, ഹൈദരാബാദ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി-2, ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി-1 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിലാക്കി ഐസലേറ്റ് ചെയ്തിരിക്കുകയാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇവരെ ജാഗ്രതയോടെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ആന്ധ്രാപ്രദേശിലേക്ക് കടന്ന ഒരു സ്ത്രീയില്‍ പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐസലേഷന്‍ സെന്ററില്‍ നിന്നാണ് അവര്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് നാട്ടിലേക്ക് കടന്നു കളഞ്ഞത്. പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

യുകെയില്‍ അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് വന്നയുടന്‍ രാജ്യത്ത് ജാഗ്രത കര്‍ശനമാക്കിയിരുന്നു. രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും 233 പേരാണ് തിരികെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ 31 വരെ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് യുകെയില്‍ നിന്ന് തിരിച്ചെത്തിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് വിവിധ സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്.