ജനതിക മാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലും ; യുകെയില്‍നിന്ന് എത്തിയ ഏഴു പേരില്‍ കണ്ടെത്തി

ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് പടര്‍ന്നുപിടിക്കുന്ന യുകെയില്‍നിന്ന് ഇന്ത്യയില്‍ എത്തിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. യുകെയില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടുപേരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം രോഗം കണ്ടെത്തിയവരില്‍ ജനിതകമാറ്റം വന്ന സംഭവിച്ച വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.തിങ്കളാഴ്ച വൈകിട്ട് ബ്രിട്ടനില്‍ നിന്ന് ഒരു വിമാനത്തില്‍ ന്യൂഡല്‍ഹിയിലെത്തിയ 266 യാത്രക്കാരില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ബുധനാഴ്ച മുതല്‍ ഈ മാസാവസാനം വരെ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി.രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാംപിള്‍ നാഷണല്‍ സെന്റര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ബ്രിട്ടനില്‍ അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ അറിയിച്ചിരുന്നു.

ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദത്തെ ഗൗരവമായിട്ടാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. മുന്‍കരുതല്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. ലാബുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും, ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. യുകെ ലേക്കുള്ള വിമാനസര്‍വീസുകള്‍ ഡിസംബര്‍ 31 വരെ റദ്ദാക്കിയ നടപടി ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പ്രാബല്യത്തില്‍ വരിക.