കോവിഡ് വൈറസിനു ജനതിക മാറ്റം ; ഇന്ത്യയില്‍ ജാഗ്രത നിര്‍ദേശം

കൊറോണ വൈറസിന് ഉണ്ടായ ജനിതക മാറ്റം യുകെയില്‍ അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം. വിമാന സര്‍വീസുകളുടെ കാര്യത്തിലും മുന്‍കരുതല്‍ നടപടികളിലും ഉടന്‍ തീരുമാനമെടുക്കും. കോവിഡ് ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു. ജനിതകമാറ്റം വന്ന കോവിഡ് ബാധ യുകെയില്‍ നിയന്ത്രണാതീതമായതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്കും പടരുകയാണ് ഇപ്പോള്‍. ഇറ്റലി, ജര്‍മനി, നെതര്‍ലാന്റ്‌സ്, ബെല്ജിയം, സൌദി തുടങ്ങി കൂടുതല്‍ രാജ്യങ്ങള്‍ യുകെയിലേക്കും തിരിച്ചും ഉള്ള വിമാന സര്‍വീസ് റദ്ദാക്കി.

നിലവില്‍ ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസ് ഉള്ളത് വന്ദേ ഭാരതും പ്രത്യേക കരാര്‍ പ്രകാരവുമാണ്. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് കൂടുതല്‍ പേര്‍ രാജ്യത്തേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമാന സര്‍വീസുകളുടെ കാര്യത്തിലും മുന്‍കരുതല്‍ നടപടികളിലും സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള കോവിഡ് ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ അവലോകനത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി.

യുകെയില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃത്വിരാജ് ചവാനും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ സമയ ബന്ധിതമായി നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു. ജനുവരിയില്‍ മുന്‍ഗണന പട്ടികയിലെ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്കാനാകുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു.