ബ്രിട്ടണില്‍ നിന്നും മടങ്ങിയെത്തിയ പലരും തെറ്റായ വിലാസം നല്‍കി മുങ്ങുന്നു

ബ്രിട്ടണില്‍ നിന്നും മടങ്ങിയെത്തിയ നൂറുകണക്കിന് ആളുകള്‍ തെറ്റായ വിലാസം നല്‍കി മുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ നിന്നും ഒരുമാസത്തിനിടെ വന്നവരെല്ലാം കൊറോണ പരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അപ്പോഴാണ് പലരും നല്‍കിയിരിക്കുന്നത് തെറ്റായ വിലാസമാണെന്ന് മനസിലായത്.

നവംബര്‍ അവസാനം മുതല്‍ ഡിസംബര്‍ 23 വരെ ബ്രിട്ടണില്‍ നിന്നും 33000 പേരാണ് ഇന്ത്യയിലേക്ക് തീരിച്ചെത്തിയത് എന്നാണ് കണക്ക്. പുതിയ കോവിഡ് വൈറസ് ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തിലാണ് ഒരു മാസത്തിന് മുന്‍പ് വന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇത് വെളിപ്പെടുന്നത്.

വിമാനത്താവളത്തില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവരില്‍ നൂറുകണക്കിന് പേരാണ് വിലാസം തെറ്റായി ആരോഗ്യ ഡെസ്‌കില്‍ നല്‍കിയത്. പുതിയ വൈറസില്‍ രോഗവ്യാപനത്തിന്റെ തോത് കൂടുതലാണ്. അതുകൊണ്ടുതന്നെ വിലാസം തെറ്റി പോയിരിക്കുന്നവര്‍ എവിടെയാണെന്നോ രോഗം എവിടെയൊക്കെ പകരുമെന്നോ ഒരു വിവരാവുമില്ല എന്നത് ആശങ്ക ഒന്നുകൂടി വര്‍ധിപ്പിക്കുകയാണ്. എങ്കിലും പോലീസ് അന്വേഷണം ഊര്‍ജിതമാണെന്നും സംസ്ഥാനത്ത് ഒളിവില്‍ പോയവരെ കണ്ടെത്തുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.