ഇംഗ്ലണ്ടിലും വെയില്‍സിലും ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു ; മതമില്ലാത്തവരുടെയും മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും എണ്ണത്തില്‍ വര്‍ദ്ധന
ഇംഗ്ലണ്ടിലും വെയില്‍സിലും ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് എന്ന് സെന്‍സസ് റിപ്പോര്‍ട്ട്. 2021ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികളുടെ എണ്ണത്തില്‍ 55 ലക്ഷം (ഏകദേശം 17%) കുറവുണ്ടായപ്പോള്‍ ഇസ്ലാം മതം പിന്തുടരുന്നവരുടെ എണ്ണത്തില്‍ 12 ലക്ഷം (43%) വര്‍ദ്ധനവും ഉണ്ടായതായി സെന്‍സസില്‍ പറയുന്നു. അതുപോലെ രാജ്യത്തെ മുസ്ലീം ജനസംഖ്യ ഏകദേശം 39 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
ശതമാനാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ക്രിസ്ത്യാനികളുടെ എണ്ണം 13.1 ശതമാനം കുറയുകയും ഇസ്ലാം മതവിശ്വാസികളുടെ എണ്ണം 1.7 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ജനത 4.9 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി. ഹിന്ദുക്കളുടെ എണ്ണത്തിലും ചെറിയ വര്‍ധന രേഖപ്പെടുത്തി 1.5 ശതമാനം 1.7 ശതമാനം ആയി. ഇതാദ്യമായാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്. ആകെ ജനസംഖ്യയുടെ പകുതിയില്‍ താഴെ മാത്രമാണ് ഈ രണ്ട് പ്രദേശത്തെയും ക്രിസ്ത്യന്‍ ജനതയുടെ എണ്ണം.
അതേസമയം 2.22 കോടി ജനങ്ങളില്‍ 37.2 ശതമാനം പേരാണ് ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നതെന്നും സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ മതവിഭാഗം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. അതിനര്‍ത്ഥം കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തിലെ അനുപാതം 14.8 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേക്ക് ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അതില്‍ പ്രധാനമാണ് യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ കോട്രല്‍ നടത്തിയ നിരീക്ഷണം. സെന്‍സസ് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ക്രിസ്തുമതത്തെ ലോകത്തെമ്പാടും അറിയപ്പെടുന്ന രീതിയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തം ഊര്‍ജിതമാക്കുക എന്ന ഉത്തരവാദിത്തം കൂടി തങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം ഗാര്‍ഡിയന്‍ നടത്തിയ വിശകലനത്തിന്റെ ചില റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
അത് അനുസരിച്ച് വംശീയ ന്യൂനപക്ഷങ്ങളുടെ അനുപാതം കൂടുതലുള്ള ചില പ്രദേശങ്ങളില്‍ മതപരമായ വിശ്വാസങ്ങളും കൂടുതലാണ്. എന്നാല്‍ വെള്ളക്കാര്‍ കൂടുതലുള്ള പ്രദേശത്ത് ഒരു മതത്തിലും വിശ്വസിക്കാത്ത ധാരാളം ആളുകളും ജീവിക്കുന്നുണ്ട്. തെക്കന്‍ വെയില്‍സിലെ കേര്‍ഫിലി, ബ്ലെനൗ ഗ്വെന്റ്, റോണ്ട സൈനോണ്‍ ടാഫ്, ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ്, നോര്‍വിച്ച് എന്നിവയാണ് ഒരു മതത്തിലും വിശ്വാസമില്ലാത്ത ജനങ്ങള്‍ കൂടുതലായുള്‌ല പ്രദേശങ്ങള്‍.
ഏകദേശം 11 പ്രദേശങ്ങളിലാണ് ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം കൂടുതലുള്ളത്. ബ്രിസ്റ്റോള്‍, ഈസ്റ്റ് സസെക്സിലെ ഹേസ്റ്റിംഗ്സ്, നോട്ടിംഗ്ഹാംഷെയറിലെ ആഷ്ഫീല്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഈ സവിശേഷത. ഇവിടെ താരതമ്യേന കുറഞ്ഞ വംശീയ ന്യൂനപക്ഷമാണുള്ളത്. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം ഏറ്റവും കുറവുള്ളത് ഹാരോ, റെഡ്ബ്രിഡ്ജ്, സ്ലോ എന്നിവിടങ്ങളിലാണ്. 2021 മാര്‍ച്ച് 21 ന് നടന്ന ഒരു സ്നാപ്പ്ഷോട്ട് സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് സര്‍വ്വേയില്‍ പങ്കെടുത്ത 60 ദശലക്ഷത്തോളം വരുന്ന ജനങ്ങളുടെ വിവരങ്ങള്‍ പഠനവിധേയമാക്കിയിരുന്നു.
രാജ്യത്തെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ഒഎന്‍എസ് ) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം വാര്‍ദ്ധക്യം, പ്രത്യുല്‍പാദനക്ഷമത, മരണനിരക്ക്, കുടിയേറ്റം എന്നിവയിലുണ്ടായ മാറ്റങ്ങളാകാം രാജ്യങ്ങളുടെ മതപരമായ മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്.അതേസമയം രണ്ട് രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം, ജനസംഖ്യയുടെ 81.7 ശതമാനവും വെള്ളക്കാരാണ്. ബ്രിട്ടീഷുകാരല്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയതാണ് ഈ കണക്ക്. അതായത് 2011ല്‍ 86% ആയിരുന്നതില്‍ നിന്ന് കുറവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരം ഏകദേശം 9.3% പേര്‍ ഏഷ്യന്‍ ബ്രിട്ടീഷുകാരാണ്. മുമ്പ് 7.5% ആയിരുന്ന ഈ വിഭാഗത്തില്‍ നേരിയ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 2.5% ആണ് കറുത്ത വംശജര്‍, ബ്ലാക്ക് ബ്രിട്ടീഷ്, ബ്ലാക്ക് വെല്‍ഷ്, കരീബിയന്‍- ആഫ്രിക്കന്‍, ആഫ്രിക്കന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഈ വിഭാഗം. പിന്നീട് വരുന്ന 1.8% പേര്‍ മറ്റ് വംശീയ വിഭാഗങ്ങളില്‍പ്പെടുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.