ഇംഗ്ലണ്ടില്‍ ഇന്ന് കിരീടധാരണം: പട്ടാഭിഷേകത്തിനൊരുങ്ങി ചാള്‍സ് മൂന്നാമന്‍

ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും. കാന്‍ര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ ഇന്ത്യന്‍സമയം പകല്‍ മൂന്നരയോടെയാണ് കിരീടധാരണച്ചടങ്ങുകള്‍ തുടങ്ങുക. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. 2300ലധികം ആളുകള്‍ കിരീടധാരണച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയില്‍നിന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എത്തിയിട്ടുണ്ട്.

ബക്കിങാം കൊട്ടാരത്തില്‍നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. കീരീടധാരണത്തോടനുബന്ധിച്ച് നാലുലക്ഷം പേര്‍ക്ക് കൊറോണേഷന്‍ മെഡല്‍ സമ്മാനിക്കും. വിവിധ കര്‍മ്മ മേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത വ്യക്തികള്‍ക്കാണ് രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത നിക്കല്‍ സില്‍വര്‍ മെഡല്‍ സമ്മാനിക്കുക. പൊലീസ് ഉദ്യോ?ഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, പ്രിസണ്‍ സ്റ്റാഫ്, ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് മെഡലുകള്‍ സമ്മാനിക്കുക.

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ കിരീടാവകാശിയാകുന്നത്. സെപ്റ്റംബര്‍ 10-ന് സെയ്ന്റ് ജെയിംസ് കൊട്ടാരത്തില്‍നടന്ന ചടങ്ങില്‍ ചാള്‍സ് ഔദ്യോഗികമായി അധികാരമേറ്റിരുന്നു.