സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ് ; ആറ് പേര്‍ക്ക് അതിതീവ്ര കോവിഡ്

ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം അതി തീവ്ര കോവിഡ് കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്നു. ആറ് പേര്‍ക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് പേരും യു.കെയില്‍ നിന്നെത്തിയവരാണ്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരും ഒരോരോ പേര്‍ക്കുമാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോടും ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കാണ്. എല്ലാവരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും അവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണെന്നും മന്ത്രി അടിയന്തര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 14ന് ശേഷം എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,99,621 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3160 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 284 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 456, മലപ്പുറം 378, എറണാകുളം 350, തൃശൂര്‍ 273, കോട്ടയം 225, ആലപ്പുഴ 226, തിരുവനന്തപുരം 143, കൊല്ലം 177, പാലക്കാട് 51, കണ്ണൂര്‍ 98, പത്തനംതിട്ട 88, ഇടുക്കി 77, വയനാട് 75, കാസര്‍ഗോഡ് 26 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, തിരുവനന്തപുരം 10, എറണാകുളം 6, തൃശൂര്‍, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5145 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 271, കൊല്ലം 273, പത്തനംതിട്ട 400, ആലപ്പുഴ 240, കോട്ടയം 800, ഇടുക്കി 28, എറണാകുളം 749, തൃശൂര്‍ 677, പാലക്കാട് 258, മലപ്പുറം 522, കോഴിക്കോട് 373, വയനാട് 151, കണ്ണൂര്‍ 246, കാസര്‍ഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,135 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,12,389 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.