ലോക്നാഥ് ബെഹ്റയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

കേരളാ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐജി കണ്ടെത്തലുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കൂടാതെ, ഈ വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആയുധങ്ങള്‍ കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിതെന്നും ചെന്നിത്തല മുന്‍പേ പറഞ്ഞിരുന്നു. വിഷയത്തില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് പോലീസ് വകുപ്പിലെ അഴിമതികള്‍ സംബന്ധിച്ച് നടത്തിയ ആരോപണങ്ങള്‍ എല്ലാം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമക്കേടുകള്‍ നടത്തിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ, പോലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളും, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്‌റ ലംഘിച്ചതായുള്ള പരാമര്‍ശവും ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിയ്ക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി പ്രതികരണം നടത്തിയിട്ടില്ല.