കൊറോണ ബാധ പ്രവചിച്ച് നാല്പത് വര്‍ഷം മുന്പ് ഇറങ്ങിയ ഒരു നോവല്‍
ചൈനയെ പിടിച്ചു കുലുക്കുന്ന കൊറോണ ബാധ നാല്പത് വര്‍ഷം മുന്പ് ഇറങ്ങിയ നോവലിലും. 40 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ നോവലിലാണ് വൈറസിനെ പറ്റി പരാമര്‍ശമുള്ളത്. പ്രശസ്ത സസ്‌പെന്‍സ് ത്രില്ലര്‍ എഴുത്തുകാരനായ ഡീന്‍ കൂന്റ്‌സിന്റെ പുസ്തകമായ ‘ദ ഐസ് ഓഫ് ഡാര്‍ക്‌നെസ്’ എന്ന പുസ്തകത്തിലാണ് പരാമര്‍ശമുള്ളത്. ഈ പരാമര്‍ശമാണ് നെറ്റിസണ്‍സിന്റെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ജനസംഖ്യയെ തുടച്ചു നീക്കാന്‍ ശക്തിയുള്ള ഒന്നിനെക്കുറിച്ചാണ് 40 വര്‍ഷം മുമ്പ് എഴുതിയ പുസ്തകത്തിലെ പരാമര്‍ശം. നോവലില്‍ ലി ചെന്‍ എന്ന ചൈനീസ് ശാസ്ത്രജ്ഞനെ പരാമര്‍ശിക്കുന്നിടത്താണ് ജൈവായുധത്തെപ്പറ്റി പറയുന്നത്. ചൈനയിലെ ഏറ്റവും അപകടകാരിയും പ്രധാനപ്പെട്ടതുമായ ദശാബ്ദത്തിലെ ജൈവായുധം എന്നാണ് പരാമര്‍ശം.
വുഹാന്‍ 400 എന്നാണ് നോവലില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. തികഞ്ഞ ആയുധമെന്ന് വിശേഷിപ്പിക്കുന്ന ഇത് മനുഷ്യരെ മാത്രമാണ് ബാധിക്കുകയെന്നും മറ്റ് ജീവജാലങ്ങള്‍ക്ക് അത് വഹിക്കാന്‍ കഴിയില്ലെന്നും പറയുന്നു. ‘ഒരു രാജ്യത്തെയും നഗരത്തെയും തന്നെ തുടച്ചുമാറ്റാന്‍ ചൈനക്കാര്‍ക്ക് വുഹാന്‍ 400 ഉപയോഗിക്കാമെന്നും നോവലില്‍ പറയുന്നു.
രണ്ട് വൈറസും പൊട്ടിപ്പുറപ്പെടുന്നതിലെ സാമ്യത നെറ്റിസന്‍മാര്‍ കണ്ടെത്തുന്നത് വിചിത്രമാണ്. കാരണം, രണ്ട് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് വുഹാന്റെ പേരിലാണ് എന്നതു തന്നെ. നിരവധി സമാനതകള്‍ ഉണ്ടെങ്കിലും കൊറോണ വൈറസിനെ ജൈവിക നാശത്തിന്റെ ആയുധവുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകള്‍ ഒന്നുമില്ല.