അമിത് ഷായെ മാറ്റണം എന്ന ആവശ്യവുമായി രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്നും രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള സംഘമാണ് രാഷ്ട്രപതിയെ നേരിട്ട് കണ്ടത്.

ഡല്‍ഹിയില്‍ അക്രമം തടയുന്നതില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പരാജയപ്പെട്ടതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 4 ദിവസംങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ രാഷ്ടപതിയെ ധരിപ്പിച്ചതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ 34പേര്‍ മരിച്ചത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണ്. കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കഴിഞ്ഞ ദിവസം അടിയന്തിര യോഗം ചേര്‍ന്നിരുന്നു. യോഗം കൈക്കൊണ്ട തീരുമാനം അനുസരിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയാണ്, നേതാക്കന്മാര്‍ രാഷ്ട്രപതിയെ കണ്ടത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് പുറമേ പി. ചിദംബരം, ഗുലാം നബി ആസാദ്, കെ സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സംഘത്തിലുണ്ടായിരുന്നു.