പോക്‌സോ കേസ് ; റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി
വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ച് മാര്‍പ്പാപ്പയുടേതാണ് ഈ നടപടി. പുറത്താക്കിയ വിവരം റോബിന്‍ വടക്കുംചേരിയെ അറിയിച്ചു. പളളിമുറിയില്‍ കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
കൊട്ടിയൂര്‍ നീണ്ടു നോക്കി പളളി വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരി കേസിലെ ഒന്നാം പ്രതിയായിരുന്നു. കേസില്‍ വിചാരണ നടക്കവെ ഇരയും മാതാപിതാക്കളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂടാതെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന വാദവും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും വിചാരണ കോടതി അംഗീകരിച്ചില്ല.കഴിഞ്ഞ ദിവസമാണ് റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് മാനന്തവാടി രൂപതയ്ക്ക് ലഭിക്കുന്നത്.
പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയ്ക്ക് 20 വര്‍ഷത്തെ കഠിന തടവാണ് വിധിച്ചിരിക്കുന്നത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതിന് പിന്നാലെ റോബിന്‍ വടക്കുംചേരിക്കെതിരെ സഭ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2017 തുടക്കത്തില്‍ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ സഭ നിയോഗിച്ചു. തുടര്‍ന്ന് 2019ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, കേസില്‍ പ്രതിയായതിന് പിന്നാലെ റോബിന്‍ വടക്കുംചേരിയെ വൈദിക പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍, 2019-ല്‍ വിചാരണ പൂര്‍ത്തിയാക്കിയ തലശ്ശേരി പോക്സോ കോടതി മൂന്നുകേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് റോബിനെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റോബിനെ വൈദികവൃത്തിയില്‍ നിന്ന് പൂര്‍ണമായി നീക്കാനുള്ള നടപടി ആരംഭിച്ചത്. മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ സഭ ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിടുകയിരുന്നു.
വളരെ വിവാദമായ കേസായിരുന്നു കൊട്ടിയൂര്‍ പീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പലവിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടും പ്രതി റോബിന്‍ വടക്കുഞ്ചേരിയ്ക്ക് രക്ഷപെടാനായില്ല.
കേസില്‍ കുറ്റക്കാരനായ റോബിന്‍ വടക്കുഞ്ചേരിയെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കള്ളസാക്ഷി പറയുകയും ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം പെണ്‍കുട്ടിയുടെ പിതാവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ DNA ടെസ്റ്റ് പെണ്‍കുട്ടിയുടെ പിതാവിന്റെ വാദം തെറ്റാണെന്ന് തെളിയിച്ചു.