വാട്‌സ് ആപ്പ് സ്റ്റാറ്റസ് 15 സെക്കന്‍ഡ് ആകാന്‍ കാരണം കൊറോണ ; ഉടനെ ശരിയാകും എന്ന് ഫേസ്ബുക്ക്

വാട്‌സ് ആപ്പ് സ്റ്റാറ്റസ് സമയം 15 സെക്കന്‍ഡ് ആയത് സ്ഥിരമായി വീഡിയോ സ്റ്റാറ്റസ് ഇടുന്നവര്‍ക്ക് ക്ഷീണമായി കഴിഞ്ഞു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വന്ന ഈ മാറ്റം അധികമാരും അറിഞ്ഞതുമില്ല. ഫോണിന്റെ കുഴപ്പമാണ് എന്ന് കരുതി വീണ്ടും വീണ്ടും സ്റ്റാറ്റസ് പോസ്റ്റ് ചെയ്തവരും ഉണ്ട്. എന്നാല്‍ കൊറോണ തന്നെയാണ് ഇതിനു കാരണം എന്ന് വാട്‌സ് ആപ്പിന്റെ ഉടമസ്ഥര്‍ ആയ ഫേസ്ബുക്ക് വെളിപ്പെടുത്തി.

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് സെര്‍വര്‍ ഓവര്‍ലോഡായത് ആണ് കുഴപ്പമായത്. ഇതിന്റെ ഭാഗമായി ആണ് വാട്‌സ്ആപ് സ്റ്റാറ്റസ് ദൈര്‍ഘ്യം 15 സെക്കന്‍ഡ് ആക്കാന്‍ കമ്പനി തീരുമാനിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ഇതുകാരണം വീട്ടില്‍ വെറുതെ ഇരിക്കുന്നവര്‍ ഒരുമിച്ചു ആപ്പ് ഉപയോഗിച്ചതാണ് കുഴപ്പമായത്.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം ഈ മാറ്റം നിലനില്‍ക്കുമെന്നും ഇപ്പോള്‍ iPhone, iOS എന്നിവയില്‍ ഈ സേവനം ലഭ്യമാണെന്നും WABetaInfoയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ഘട്ടമായാണ് വാട്‌സ്ആപ് ഈ മാറ്റം പുറത്തിറക്കുക. ഇത് വരും ദിവസങ്ങളില്‍ മറ്റുള്ള ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.

കൊറോണ വൈറസ് മഹാമാരി ബാധിച്ച രാജ്യങ്ങളിലെ വാട്ട്സ്ആപ്പ് വീഡിയോ കോളിംഗില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.