സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ ; ഹോട്ട് സ്‌പോട്ട് മേഖലകളില്‍ ഇളവില്ല

ലോക്ക് ഡൌണ്‍ വിഷയത്തില്‍ കേന്ദ്രം നിര്‍ദേശിച്ച ഇളവുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര വിജ്ഞാപനം അതേപടി അനുസരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എന്നാല്‍ ഹോട്ട് സ്പോട്ടുകളില്‍ ഇളവ് നല്‍കില്ല. മറ്റിടങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കുള്ള വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാം. സംസ്ഥാന ഉത്തരവില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എസി വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ഇളവില്ല. എസി റിപ്പയറിംഗ് സ്ഥാപനങ്ങള്‍ തുറക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഗ്രാമങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മുനിസിപ്പാലിറ്റി, നഗരസഭ മേഖലകളില്‍ ഇളവില്ല. ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുവാദമില്ല. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌കുകളും നിര്‍ബന്ധമാക്കും.

നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നഗരപരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ഷോപ്പിംഗ് മാളുകള്‍ക്കും, വന്‍കിട സ്ഥാപനങ്ങള്‍ക്കും ഇളവ് ബാധകമല്ല. 50% ജീവനക്കാരെ മാത്രമേ സ്ഥാപനത്തില്‍ ജോലിക്കായി വരുത്താന്‍ പാടുള്ളു.

വെള്ളിയാഴ്ച രാത്രിയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള lock down ഇളവുകളുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. പുതിയ ഉത്തരവ് അനുസരിച്ച് ചെറിയ കടകള്‍ക്ക് ഇന്നുമുതല്‍ പ്രവര്‍ത്തിക്കാ0. ഹോട്ട്‌സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.

നഗരപരിധിയ്ക്ക് വെളിയില്‍ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും ഇളവ് ബാധകമാണ്. 50% ജീവനക്കാര്‍ മാത്രമേ കടകളില്‍ പാടൂള്ളൂ. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കമ്പോളങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ഇല്ല. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇളവുകള്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാണ്