ഞായറാഴ്ച നിയന്ത്രണം ; ക്രൈസ്തവസഭകള്‍ സമ്മര്‍ദം ശക്തമാക്കി
ഞായറാഴ്ചകളില്‍ മാത്രം തുടരുന്ന കടുത്ത നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന് ആവശ്യവുമായി ഓര്‍ത്തഡോക്‌സ് സഭ. ഞായറാഴ്ച പള്ളി പ്രാര്‍ത്ഥനയില്‍ നേരിട്ടു പങ്കെടുക്കാന്‍ ആകാത്ത സ്ഥിതിയാണ് വിശ്വാസികള്‍ക്ക് ഉള്ളതെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടുന്നു. വിശ്വാസികളെ സംബന്ധിച്ച് ഞായറാഴ്ച പ്രാര്‍ത്ഥന വളരെ പ്രധാനപ്പെട്ടതാണ്. പ്രതിസന്ധികളുടെയും മാനസിക ക്ലേശങ്ങളുടെയും നടുവില്‍ വിശ്വാസികളുടെ ആശ്രയം ആരാധനയും പ്രാര്‍ത്ഥനയുമാണ്.
ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍, മാക്കാംകുന്ന് കണ്‍വന്‍ഷന്‍ തുടങ്ങി നിരവധി ശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തില്‍ സമാധാനവും പ്രതീക്ഷയും നല്‍കുന്നവയാണ്. നോമ്പിന്റെയും വ്രതത്തിന്റെയും നാളുകളും സമീപിക്കുന്നു. ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീ കാറ്റഗറിയില്‍പ്പെട്ട ജില്ലകളില്‍ മറ്റു ദിവസങ്ങളിലും കടുത്ത നിയന്ത്രണം ആണ് ഉള്ളത്. മദ്യശാലകള്‍ അടക്കം പ്രവര്‍ത്തിക്കുമ്പോള്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത് നേരത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു. മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്ന സമീപനത്തിനെതിരെ കാലിയായ മദ്യക്കുപ്പികള്‍ കലക്ടറേറ്റിനു മുന്‍പില്‍ വച്ച് കൊണ്ടായിരുന്നു കേരള കോണ്‍ഗ്രസ് പ്രതിഷേധം.
നേരത്തെ വിവിധ ക്രൈസ്തവ സംഘടനകള്‍ ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ക്രൈസ്തവസഭകള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും എന്നാണ് ഇനി അറിയാനുള്ളത്. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പൂര്‍ണ നിയന്ത്രണം വന്നതോടെ ഓണ്‍ലൈന്‍ വഴിയാണ് കുര്‍ബാനയും മറ്റ് ചടങ്ങുകളും നടന്നിരുന്നത്. ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ നീക്കം നടത്തിയേക്കും. വിശ്വാസികളുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് ആരാധനാലയങ്ങള്‍ മാത്രം പൂട്ടിയിടണ്ട എന്ന നിലപാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ഉണ്ട്. ഓര്‍ത്തഡോക്‌സ് സഭയുമായി ഏറെ അടുപ്പമുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കും എന്ന് പ്രതീക്ഷയിലാണ് സഭാനേതൃത്വം.









