കശ്മീരില്‍ വീണ്ടും ആക്രമണങ്ങള്‍; 3 സൈനികര്‍ക്ക് വീരമൃത്യു
കശ്മീര്‍ താഴ്വരയില്‍ രണ്ട് ഇടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ വീരമൃത്യു വരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തി പ്രദേശമായ ഹന്ദ്വാരയിലാണ് ഒരു ആക്രമണം നടന്നത്. ഹന്ദ്വാര ടൗണില്‍ നടത്തിയ ഒരു പാര്‍ട്ടിക്ക് നേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് വൈകുന്നേരം നടന്ന ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃതു വരിച്ചു. ഏഴ് പേര്‍ക്ക് പരുക്കുണ്ട്.
ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ പെട്ട വഗൂറ നൗഗമിലാണ് രണ്ടാമത്തെ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സിഐഎസ്എഫിന്റെ പട്രോള്‍ പാര്‍ട്ടിക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു ജവാന് പരുക്കുണ്ട്. ഗ്രനേഡ് ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരുക്ക് പറ്റിയത്. രണ്ട് സ്ഥലങ്ങളിലും ഇപ്പോള്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ ദിവസം ഹന്ദ്വാരയില്‍ തന്നെ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണലും മേജറും അടക്കം അഞ്ച് പേര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ചഞ്ച്മുല്ലയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണ് ആക്രമണം ആരംഭിച്ചത്.
രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ 4 സൈനിക ഉദ്യോഗസ്ഥരും ജമു കശ്മീര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വലിയ തോതില്‍ നടന്നിരുന്നു. ഇതിനെ ചെറുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.