മലയാളികളെ തിരികെ എത്തിക്കാന്‍ KSRTC പോലും ഓടിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല എന്ന് ചെന്നിത്തല
മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മലയാളികള്‍ക്ക് നാട്ടില്‍ എത്തുവാന്‍ ഒരു കെ.എസ്.ആര്.ടി.സി ബസ് പോലും ഓടിക്കില്ലെന്ന വാശി മുഖ്യമന്ത്രിക്കുള്ളതെന്തിനാണെന്ന് മനസിലാകുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലേക്കെത്തുന്ന മലയാളികള്‍ക്ക് യാത്രാ പാസ് നല്‍കുന്നില്ല അടിയന്തരമായി പാസുകളുടെ വിതരണം പുനരാരംഭിക്കണമെന്നും ജനങ്ങളെ കേരളത്തിലെത്തിക്കാന്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാസ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസമായി ആര്‍ക്കും പുതുതായി പാസ് നല്‍കുന്നില്ലെന്നാണ് കലക്ടര്‍മാര്‍ പറയുന്നത്.
ഇതര സംസ്ഥാനങ്ങളിലെ ജില്ലകളില്‍നിന്ന് വരുന്നവര്‍ക്ക് അവിടത്തെ കലക്ടര്‍മാര്‍ പാസ് നല്‍കുന്നുണ്ടെങ്കിലും കേരളത്തിലെ കലക്ടര്‍മാര്‍ പാസ് നല്കാത്തതിനാല് സംസ്ഥാനത്തേക്ക് പ്രവേശിക്കാനാകുന്നില്ല. ഇതൊരു ഗുരുതര അലംഭാവമാണ്. ഇതിന്റെ അപാകത ഗൗരവപൂര്‍വം പരിശോധിക്കണം. പത്തുദിവസമായി ഒരുട്രെയിന് പോലും കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മലയാളികളെ തിരികെയെത്തിക്കാനായി കെ.എസ്.ആര്.ടി.സി. ബസുകള്‍ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ വീണ്ടും ആലോചിക്കണം. ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം കെ.എസ്.ആര്.ടി.സി. ബസുകള്‍ അയച്ചാല്‍ മലയാളികളെ നാട്ടിലെത്തിക്കാനാകും. മറ്റ് സംസ്ഥാനങ്ങള്‍ ഇരുന്നൂറും മുന്നൂറും ബസുകള്‍ ഓടിച്ച് അവരുടെ ആളുകളെ മാതൃസംസ്ഥാനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ കേരളത്തിലെ ഒരു കെ.എസ്.ആര്.ടി.സി. ബസ് പോലും ഇത്തരത്തില്‍ ഉപയോഗിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല. – ചെന്നിത്തല പറഞ്ഞു.
നൂറുകണക്കിന് ആളുകള്‍ അതിര്‍ത്തികളില്‍ വന്ന് കാത്തുകിടക്കുകയാണ്. ഒരു മന്ത്രി പോലും അതിര്‍ത്തികള്‍ സന്ദര്‍ശിച്ചിട്ടില്ല. ബന്ധപ്പെട്ടവരാരും ഇല്ലാത്തതുകൊണ്ട് തന്നെ അതിര്‍ത്തികളില്‍ ഓരോ ദിവസവും തീരുമാനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയും പുതിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.