ലോക്ക് ഡൌണ്‍ ഇനിയും നീട്ടാന്‍ സാധ്യത

ലോക്ക് ഡൗണ്‍ ഇനിയും നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. കോവിഡ് ഭീതിക്കിടെ റെയില്‍വേ സേവനം പുനരാരംഭിക്കുന്നതിനോടും സംസ്ഥാനങ്ങള്‍ വിയോജിച്ചു. രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കരുതെന്ന് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിമാര്‍, ലോക്ക് ഡൗണ്‍ നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ചെന്നെ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ, തമിഴ്‌നാട്ടില്‍ മെയ് 31 വരെ ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കരുതെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കരുതെന്ന് തെലങ്കാനയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കോവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് ലോകതലത്തില്‍ അംഗീകരിക്കപ്പെട്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് മമതാ ബാനര്‍ജി നടത്തിയത്. വൈറസ് ബാധയുടെ കാലത്തും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കേന്ദ്രം വിവേചനം കാണിക്കുന്നതായും മമതാ ബാനര്‍ജി പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ക്കുതിപ്പ്. ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 67000 കടന്നു. 24 മണിക്കൂറിനിടെ 4213 പോസിറ്റീവ് കേസുകളും 97 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 67152 ഉം മരണം 2206 ഉം ആയി. 44029 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 20917 പേര്‍ രോഗമുക്തി നേടി.