31 രാജ്യങ്ങളില്‍നിന്നും ഇന്ത്യക്കാര്‍ നാട്ടിലേക്ക്; കേരളത്തിലേക്ക് 18 വിമാനം

കൊറോണ കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മെയ് 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ നാട്ടിലെത്തിക്കാന്‍ നീക്കം. 31 രാജ്യങ്ങളിലുള്ളവരെയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. 149 വിമാനങ്ങളിലായാണ് ഇവരെ എത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

‘എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലായി 31 രാജ്യങ്ങളില്‍നിന്ന് 6,037 പേരെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത്. മെയ് അഞ്ചിന് ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് ദൗത്യം. അഞ്ച് ദിവസം കൊണ്ടാവും ഇവരെ തിരിച്ചെത്തിക്കുക എന്ന് വ്യോമയാന മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വിദേശകാര്യ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണത്തോടെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. യു.എസ്, യു.കെ, ബംഗ്ലാദേശ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരെയാണ് എത്തിക്കുന്നത്. ഓരോ വിമാനത്തിലും 180ഓളം യാത്രക്കാരാവും ഉണ്ടാവുക.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങളാണ് മെയ് 16 നും 25നും ഇടയിലായി ഇന്ത്യയില്‍ എത്തുക. ഇതില്‍ 18 വിമാനങ്ങള്‍ കേരളത്തിലേക്കുള്ളതാണ്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും വിമാനം എത്തും. യു.എ.ഇയില്‍നിന്ന് 11 വിമാനങ്ങളാണ് രാജ്യത്തേക്കെത്തുക. ഇതില്‍ ആറെണ്ണവും കേരളത്തിലേക്കാണ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് രണ്ട് വീതവും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് ഓരോ വിമാനങ്ങള്‍ വീതവുമാണ് ഉണ്ടാവുക.

സൗദി അറേബ്യയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍, ബഹറിനില്‍നിന്ന് രണ്ട് വിമാനങ്ങള്‍, കുവൈത്തില്‍നിന്ന രണ്ടുവിമാനങ്ങള്‍, ഒമാനില്‍നിന്ന് നാല്, ഖത്തറില്‍നിന്ന് രണ്ട് എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള വിമാനങ്ങളുടെ കണക്ക്.കൂടാതെ അമേരിക്ക, ബ്രിട്ടണ്‍, ഉക്രൈന്‍, ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, അയര്‍ലണ്ട്, തികിസ്താന്‍, അര്‍മേനിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്ക് ഓരോ വിമാനങ്ങള്‍ വീതമുണ്ട്.