കോക്പിറ്റില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കയറ്റി; മദ്യം വിളമ്പാന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ക്യാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം തുടങ്ങി.

ദുബായ്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 27നാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു ക്യാബിന്‍ ക്രൂ ആണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. മാര്‍ച്ച് മൂന്നിനാണ് പരാതി നല്‍കിയത്. സംഭവത്തില്‍ തെളിവെടുപ്പിനായി നേരിട്ട് ഹാജരാകാന്‍ വിമാന ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി.

ബോര്‍ഡിങ്ങിനു മുന്‍പ് പൈലറ്റിനായി ഏറെ നേരം കാത്തു നിന്നെങ്കിലും റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഏറെ നേരം കഴിഞ്ഞ് യാത്രക്കാര്‍ക്കൊപ്പമാണ് പൈലറ്റ് എത്തിയത്. ഇക്കണോമിക് ക്ലാസില്‍ തന്റെ പെണ്‍സുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്ന് ക്യാബിന്‍ ക്രൂ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് പെണ്‍ സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. സുഖമായി ഇരിക്കാന്‍ കുറച്ച് തലയിണകള്‍ എത്തിക്കാനും നിര്‍ദ്ദേശിച്ചു. കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. കോക്പിറ്റിലെ ഫസ്റ്റ് ഒബ്‌സര്‍വര്‍ സീറ്റിലാണ് അവര്‍ ഇരുന്നത്. യുവതിക്ക് മദ്യവും ഭക്ഷണവും നല്‍കാനും ആവശ്യപ്പെട്ടു. കോക്പിറ്റില്‍ മദ്യം വിളമ്പാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ പൈലറ്റ് പരുഷമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.

ഒരു മണിക്കൂറോളം യുവതി കോക്പിറ്റില്‍ ചെലവഴിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാര്‍ക്കു മാത്രമേ കോക്പിറ്റില്‍ പ്രവേശനമുള്ളൂ. കോക്പിറ്റില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ബ്രീത് അനലൈസര്‍ ടെസ്റ്റ് നടത്തുകയും വേണമെന്നാണ് ചട്ടം.