ഇന്ത്യന്‍ അമേരിക്കന്‍ ടെക് തുഷാര്‍ ആത്രെ കൊല്ലപ്പെട്ട കേസില്‍ 4 യുവാക്കള്‍ അറസ്റ്റില്‍

പി.പി.ചെറിയാന്‍

സാന്റാക്രൂസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ പ്രമുഖ വ്യവസായിയും ആത്രെ നെറ്റിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഇന്ത്യന്‍ അമേരിക്കന്‍ തുഷാര്‍ ആത്രയെ (50) തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ നാലു യുവാക്കളെ അറസ്റ്റ് ചെയ്തു.

2019 ഒക്ടോബര്‍ 1ന് നടന്ന സംഭവത്തില്‍ മെയ് 21നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തതെന്ന് സാന്റാക്രൂസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.കവര്‍ച്ച, കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ എന്നീ ചാര്‍ജ്ജുകളാണ് ഇവര്‍ക്കതിരെ ചുമത്തിയിരിക്കുന്നത്.

കര്‍ട്ടിസ് ചാര്‍ട്ടേഴ്‌സ് (22, ജോഷ്വാ കാംബസ് (23) സ്റ്റീഫന്‍ ലിന്‍ഡ്‌സേ (22), കാലേമ്പു ചാര്‍ട്ടേഴ്‌സ് എന്നിവരാണ് അറസ്റ്റിലായത്. കാലേമ്പും ലിന്‍ഡ്‌സയും ആത്രെ മരിജുവാന കള്‍ട്ടിവേഷന്‍ ബിസിനസിലെ ജീവനക്കാരാണ്.വീട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഇവരുടെ അവ്യക്ത ചിത്രം പതിഞ്ഞിരുന്നു.

കരുതിക്കൂട്ടിയുള്ള കൊലപാതകമായിട്ടാണ് ഷെരിഫ് ഇതിനെ വിശേഷിപ്പിച്ചത്.കവര്‍ച്ചയായിരുന്നു പ്രതികളുടെ ലക്ഷ്യം.
ഓഷന്‍ ഫ്രണ്ട് ഹോമില്‍ പുലര്‍ച്ചെ 3 മണിക്ക് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ രണ്ടു പേരാണ് തുഷാറിനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോയതു ആത്രെയുടെ കാമുകിയുടെ ബി.എം.ഡബ്‌ളിയു ആണ് തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ ഉപയോഗിച്ചത്. സംഭവം നടന്നയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും അതേദിവസം വൈകിട്ട് 7 മണിയോടെ വീട്ടില്‍ നിന്നും 14 മൈല്‍ ദൂരെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു’ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്.