ശബരിമലയില്‍ മെയ് 31ന് നട തുറക്കും , ഭക്തര്‍ക്ക് പ്രവേശനമില്ല

പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മെയ് 31 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.

1.6.2020ന് ആണ് ശബരിമല പ്രതിഷ്ഠാ വാര്‍ഷിക ദിനം. അന്ന് പുലര്‍ച്ചെ 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.

അതേസമയം ലോക് ഡൗണ്‍ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. തിരുനട ജൂണ്‍1 ന് രാത്രി 7.30 ന് ഹരിവരാസനം പാടി അടയ്ക്കും. ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഥുന മാസ പൂജകള്‍ക്കായി ഇനി ജൂണ്‍ 14ന് ആകും നട ഇനി തുറക്കുക.