സംവിധായകന്‍ സച്ചി വെന്റിലേറ്ററില്‍ , നില ഗുരുതരം

പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സച്ചിയെ ജൂണ്‍ 16നു വെളുപ്പിനെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് സച്ചിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്.

നിലവില്‍ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും വെന്റിലേറ്ററില്‍ ആണെന്നും അദ്ദേഹത്തിന്റെ പരിചരണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, 48-72 മണിക്കൂറുകള്‍ക്ക് ശേഷമേ ആരോഗ്യസ്ഥിതി വിലയിരുത്തനാകൂവെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന് ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

സുഹൃത്തായ സേതുവുമൊത്ത് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ എഴുതിയ സച്ചി അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. 2020 ഫെബ്രുവരി 7 ന് റീലീസ് ചെയ്ത അയ്യപ്പനും കോശിയുമാണ് രണ്ടാമത്തെ ചിത്രം. 2019 ഡിസംബറില്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ദിലീപ് നായകനായ രാമലീല എന്നീ ചിത്രങ്ങള്‍ എഴുതിയതും സച്ചിയാണ്.