ജീവിതവും കരിയറുമെല്ലാം പണയത്തിലാണ് ; സിനിമ കാണാന്‍ പ്രേക്ഷകരോട് അപേക്ഷിച്ചു രോമാഞ്ചം നിര്‍മ്മാതാവ്
തന്റെ സിനിമ എല്ലാവരും തിയറ്ററില്‍ വന്നു കാണണം എന്ന് പ്രേക്ഷകരോട് അപേക്ഷിച്ചു രോമാഞ്ചം സിനിമയുടെ നിര്‍മ്മാതാവ്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ഇതില്‍ സിനിമയുടെ നിര്‍മ്മാതാവ് ജോണ്‍പോള്‍ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചു. ഈ സിനിമയ്ക്കു വേണ്ടി ജീവിതവും കരിയറുമെല്ലാം പണയത്തിലായെന്നും ഇനി പ്രേക്ഷകരില്‍ മാത്രമാണ് പ്രതീക്ഷയെന്ന് കത്തില്‍ ജോണ്‍ പോള്‍ പറയുന്നു. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജോണ്‍ പോള്‍. വളരെ നല്ല അഭിപ്രായം നേടിയിട്ടും തീയറ്ററില്‍ പരാജയപ്പെട്ട പടമാണ് ഗപ്പി.
ഇതും ജോണ്‍പോള്‍ ജോര്‍ജ് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അന്ന് ഗപ്പി തിയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലെ. അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും. ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല – ജോണ്‍ പോള്‍ കത്തില്‍ പറയുന്നു. സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും രോമാഞ്ചം വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തുകയാണ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്. ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൌബിന്‍ ഷാഹിറിനെ ട്രെയ്‌ലറില്‍ കാണാം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കുകയായിരുന്നു.