കപ്പേള-മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യചിത്രം ജൂണ്‍ 22നു നെറ്റ്ഫ്‌ലിക്‌സില്‍

പി പി ചെറിയാന്‍

കാലിഫോര്‍ണിയ :അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം കപ്പേള നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്നു. മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകള്‍ അടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് റിലീസ് ആയത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുവരുന്നതിനിടെയാണ് കോവിഡ് 19 നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടക്കുന്നത്.

ജൂണ്‍ 22 ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങും. വരനെ ആവശ്യമുണ്ട്, ഫോറന്‍സിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്ന മലയാള ചിത്രമാണ് കപ്പേള. ഹെലന് ശേഷം അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയായിരുന്നു.

കോവിഡ് 19 നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിടാന്‍ മാര്‍ച്ച് 10 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചത്. മാര്‍ച്ച് 6 നാണ് കപ്പേള തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ മാര്‍ച്ച് 16 വരെ തിയേറ്ററുകള്‍ അടച്ചിടാനായിരുന്നു നിര്‍ദേശം. എന്നാല്‍ ലോക്ക്ഡൗണും കോവിഡ് കേസുകളുടെ വര്‍ധനവും മൂലം ഇതുവരെ തിയേറ്ററുകള്‍ തുറക്കാനായിട്ടില്ല.

തിയേറ്ററുകള്‍ അടച്ചിട്ടതോടെ നിരവധി ചിത്രങ്ങളുടെ റിലീസും മുടങ്ങി. മോഹന്‍ലാന്‍ പ്രധാന വേഷത്തിലെത്തുന്ന കുഞ്ഞാലി മരയ്ക്കാര്‍, ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, തുടങ്ങിയവയുടെ റിലീസും മാറ്റിവെച്ചിരിക്കുകയാണ്.