കൊറോണ ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരം
കൊറോണ ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിനിനെ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി സകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി ഐ.സി.യുവിലാണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് അദ്ദേഹത്തെ തിങ്കളാഴ്ച അര്‍ധരാത്രിയോടെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു എങ്കിലും അദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം രണ്ടാമതും കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. തുടര്‍ന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വിവരം ജൂണ്‍ 17-ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.