ബലം പ്രയോഗിച്ച് ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി

ശബരിമലയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. നിയമാനുസൃതമായ നടപടി മാത്രമേ നടപടി പാടുള്ളുവെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് നടപടിയാകാമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. അയ്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നാണ് ട്രസ്റ്റിന്റെ വാദം.

ശബരിമല വിമാനത്താവള നിര്‍മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 2226.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് ഉത്തരവില്‍ പറഞ്ഞത്. ഭൂമിയേറ്റെടുക്കുന്നതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം ജില്ലാ കളക്ടറെ ചുമതപ്പെടുത്തുകയും ചെയ്തിരുന്നു.

ശബരിമലയോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസണ്‍ മലയാളത്തില്‍ നിന്ന് നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങിയ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് നേരത്തെ എംജി രാജമാണിക്യം ഐഎഎസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി വരെ അപ്പീല്‍ പോയാണ് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ശബരിമലയില്‍ ഗ്രീന്‍ഫില്‍ഡ് വിമാനത്താവളം നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.