ഇ -മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപണവുമായി ചെന്നിത്തല രംഗത്ത്

പിണറായി സര്‍ക്കാരിനു എതിരെ പുതിയ ഒരു അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാറിന്റെ ഇ മൊബൈല്‍ പദ്ധതിയില്‍ കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല ആരോപിക്കുന്നു. ഇ-മൊബിലിറ്റി പദ്ധതിക്കായി നിയോഗിച്ച കണ്‍സള്‍ട്ടന്‍സി കമ്പനി കരിമ്പട്ടികയിലുള്‍ പ്പെട്ടതാണ്. സെബി നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അഴിമതിയാണെന്നും മുഖ്യമന്ത്രി നേരിട്ടാണ് പദ്ധതിയുടെ കരാര്‍, ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കമ്പനിക്ക് നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. ഗതാഗത മന്ത്രിക്ക് കരാറിനെപ്പറ്റി വല്ലതും അറിയാമോയെന്നും ചെന്നിത്തല ചോദിച്ചു.

കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്ര കമ്പനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍പറത്തിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കോവിഡ് കാലത്ത് ഗതാഗതവകുപ്പ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഇ-മൊബിലിറ്റി പോളിസി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ കുറിച്ച് പഠിച്ചിട്ട് മറുപടി പറയും. ഈ പറയുന്ന കമ്പനിയുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും 3000 ബസ് വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ലെന്നുമാണ് മന്ത്രി നല്‍കിയ മറുപടി.

കെ.പി.എം.ജി ഉള്‍പ്പെടെ പിണറായി സര്‍ക്കാര്‍ കരാര്‍ നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. കൊവിഡിന്റെ മറവില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ക്കായുള്ള ഇ മൊബിലിറ്റി പദ്ധതിയുടെ കരാറാണ് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത്. സെബിയുടെ നിരോധനം നേരിടുന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. സത്യം കുംഭകോണം, നികുതിവെട്ടിപ്പ് ഉള്‍പ്പെടെ 9 കേസുകള്‍ നേരിടുന്ന കമ്പനിയാണിത്.

2018 മാര്‍ച്ച് 31ന് രണ്ട് വര്‍ഷത്തേക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ സെബി നിരോധിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ പിണറായി ഗവണ്‍മെന്റ് ഈ കമ്പനിക്ക് കരാര്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജസ്റ്റിസ് എ.പി ഷായുടെ നേതൃത്വത്തിലുള്ള വിസില്‍ ബ്ലോവേഴ്സ് ഫോറം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. ഈ കമ്പനിയെ പദ്ധതികളില്‍ ഉള്‍പ്പെടുത്തരുതെന്ന് കാട്ടി കേന്ദ്രത്തിനും കത്തയച്ചിരുന്നു. കേരള സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ഈ നിരോധനം നേരിടുന്ന കമ്പനിക്ക് നല്‍കി എന്നതുകൊണ്ടാണ് ജസ്റ്റിസ് എ.പി ഷാ കത്തയച്ചത്.

ഇക്കാര്യങ്ങള്‍ നിലനില്‍ക്കെയാണ് നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കൊടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ബഹുരാഷ്ട്ര കമ്പനിക്ക് കരാര്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഈ കരാറിന് മുന്‍കൈയെടുത്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഗതാഗത മന്ത്രി ഇക്കാര്യം സംബന്ധിച്ച് അറിഞ്ഞിരുന്നോ എന്നത് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിയുടെ കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നല്‍കാന്‍ തീരുമാനിച്ചത്. ക്യാബിനറ്റ് ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനം ദുരൂഹമാണെന്നും ചട്ടങ്ങളോ നിയമങ്ങളോ ടെണ്ടര്‍ പോലും വിളിക്കാതെയും ചെയ്ത കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.