ലഡാക്കിലെ സേനാപിന്‍മാറ്റം പൂര്‍ത്തിയായിട്ടില്ല : ഇന്ത്യ

ഇന്ത്യാ ചൈന അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നുളള സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യ. ലഡാക്കിലെ മിക്ക മേഖലകളിലും സേനാപിന്മാറ്റം പൂര്‍ത്തിയായെന്ന് ചൈന വ്യക്തമാക്കി രണ്ടുദിവസത്തിനുശേഷമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നത്. ലഡാക്കില്‍ താഴെത്തട്ടില്‍ സ്ഥിതി ശാന്തമാവുകയാണെന്ന ചൈനയുടെ അവകാശവാദവും ഇന്ത്യ തള്ളി.

സേനാപിന്മാറ്റത്തില്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, ഈ പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സേനാപിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വൈകാതെ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും ശ്രീവാസ്തവ പറഞ്ഞു.