കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യം
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. വിഷയത്തില്‍ 23 നേതാക്കള്‍ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു. പൂര്‍ണസമയ നേതൃത്വം വേണമെന്നാണ് കത്തിലൂടെ നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചന. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23 കോണ്‍ഗ്രസ് നേതാക്കളാണ് കത്തയച്ചതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ നേതാക്കളായ ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല നേരത്തെ കത്ത് നല്‍കിയിരുന്നു. നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കള്‍ കത്തയച്ചത്.
പാര്‍ട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണമെന്നും സംസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബ്ലോക്ക് തലം മുതല്‍ വര്‍ക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, സുരക്ഷിതത്വമില്ലായ്മ, ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ട, കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍, വിദേശ നയം തുടങ്ങിയ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതികരണം നിരാശാജനകമാണെന്ന് കത്തില്‍ പറയുന്നു.