തീപിടിത്തത്തില്‍ കത്തിനശിച്ച രേഖകള്‍ ഏതെല്ലാം…?

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന് കീഴിലുള്ള പ്രോട്ടോകോള്‍ ഓഫാസിലുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെ എന്നുള്ള റിപ്പോര്‍ട്ട് പുറത്ത്. വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുമാണ് കത്തി നശിച്ചത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്റ്റേറ്റ് അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് സംഘവും പൊലീസും തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ യാഥാര്‍ഥ കാരണം വ്യക്തമാകൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. എഡിജിപി മനോജ് എബ്രഹാമിന്റെയും ദുരന്ത നിവാരണ കമ്മീഷണര്‍ എ.കൗശിക്കിന്റെ നേതൃത്വത്തിലാണ് പ്രോട്ടോകോള്‍ ഓഫീസില്‍ തെളിവെടുപ്പ് നടത്തിയത്.

ആഴ്ചകളായി കേടായി കിടന്നിരുന്ന ഫാനിന്റെ സ്വിച്ചില്‍ നിന്ന്‌നും തീ പടര്‍ന്നെന്നാണ് സംശയം. തീപിടിച്ച ഫാന്‍ നിലത്തുവീണ നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഫോറന്‍സിക് സംഘവും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇന്നലെ തന്നെ തീപ്പിടുത്തമുണ്ടായ സ്ഥലം അന്വേഷണ സംഘം സീല്‍ ചെയ്തിരുന്നു. .