കശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരു സൈനികന് വീരമൃത്യു

ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മൂന്നു ഭീകരരും കൊല്ലപ്പെട്ടു. പുല്‍വാമയിലെ സദൂറ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ സൈന്യം ഇവിടെ തിരച്ചിലിനെത്തിയതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

തിരച്ചിലിനായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങിയെന്നാണ് ശ്രീനഗറിലെ സൈനിക പ്രതിരോധ വക്താവ് അറിയിച്ചത്.