തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം ; ഏഴു മരണം

കൂടല്ലൂരില്‍ പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ കാട്ടുമന്നാര്‍കോവിലിലെ കുറുംകുടി ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറി ഉടമയും മകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒന്‍പത് സ്ത്രീകളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

പടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് കൂടല്ലൂര്‍ എസ് പി ശ്രീ അഭിവന്‍ പറഞ്ഞു. ”ഈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ പടക്ക ഗോഡൗണുകളിലും പരിശോധന നടത്താന്‍ പോവുകയാണ്. മൂന്നു മാസത്തിലൊരിക്കല്‍ ഇത്തരം ഗോഡൗണുകളില്‍ സാധാരണ പരിശോധന നടത്താറുള്ളതാണ്. ഈ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം”- അദ്ദേഹം പറഞ്ഞു.

വമ്പന്‍ സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ ഭാഗങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.