കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ; സിദ്ദിഖും ഭാമയും കൂറുമാറി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറി. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇക്കാര്യം സിദ്ദിഖും ഭാമയും നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇന്ന് കോടതിയില്‍ ഹാജരായ ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയാറായില്ല. പിന്നീട് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ഹര്‍ജി കോടതി നാളെ പരിഗണിക്കണം. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെ ഒരു അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വിശദീകരണം നല്‍കണമെന്ന് ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ നിര്‍ണ്ണായക സാക്ഷികളെ അഭിഭാഷകന്‍ മുഖേന ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് ഹര്‍ജിയിലെ വാദം.

ഇതിന്റെ തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയും ഇതില്‍ ഉള്‍പ്പെടും. നടിയെ ആക്രമിച്ച കേസില്‍ ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നത് പ്രധാന ഉപാധികളില്‍ ഒന്നാണ്.