കൊറോണ വ്യാപനം രൂക്ഷം ; പ്രത്യക്ഷ സമര പരിപാടികള്‍ യു.ഡി.എഫ് നിര്‍ത്തി ; പ്രതിഷേധം തുടരും
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമര പരിപാടികള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാകും. എന്നാല്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഘടകകക്ഷികളുമായി സംസാരിച്ചാണ് സമരം നിര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ നാളെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എട്ട് ഏജന്‍സികളാണ് സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. സിപിഎം നേതാക്കള്‍ക്ക് സിബിഐ എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുകയാണ്. ചെകുത്താന്‍ കുരിശ്ശു കാണുന്നതുപോലെയാണ്. സിബിഐ വരുന്നത് മുന്നില്‍ക്കണ്ട് ഫയലുകള്‍ വിജിലന്‍സിനെ കൊണ്ട് എടുത്തുമാറ്റി. അഴിമതിയില്‍ പങ്കില്ലെങ്കില്‍ സിബിഐ അന്വേഷണത്തെ ഏതിര്‍ക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം. ലൈഫ് വിവാദം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിക്ക് അഭിപ്രായമുണ്ടോ? മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നന്നായി പോകുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി അതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മയക്കുമരുന്ന് കേസില്‍ സ്വന്തം മകനെ പ്രതിയാക്കും എന്ന് വന്നപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി സിബിഐയ്ക്ക് എതിരായതെന്നും ചെന്നിത്തല പറഞ്ഞു.