കേരളത്തില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം
സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. സമ്പൂര്‍ണ ലോക്‌ഡൌണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് തീരുമാനം.
അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,000 ത്തിനു മുകളില്‍ എത്തിയേക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അപ്പോഴത്തെ സാഹചര്യം കൂടി പരിഗണിച്ച ശേഷം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയാല്‍ മതിയെന്നാണ് തീരുമാനം. ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് വ്യാപന തോത് പിടിച്ചുനിര്‍ത്താന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുവരെ കര്‍ശനമായ നിയന്ത്രണം തുടരും. പ്രാദേശികമായി കണ്ടെയ്ന്‍ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഒക്ടോബര്‍ അവസാനവും രോഗവ്യാപനം വലിയ തോതില്‍ വര്‍ധിച്ചാല്‍ മാത്രം സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പോയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇടതുമുന്നണി തീരുമാനിച്ചിരുന്ന സമരപരിപാടികളും കോവിഡിന്റെപശ്ചാത്തലത്തില്‍ മാറ്റിവച്ചു. പ്രതിപക്ഷവും ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ മാറ്റിവയ്ക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം സര്‍ക്കാരിനെതിരായ സമരം തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.









