കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസങ്ങളായി ശമ്പളമില്ല

കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ചവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. കോഴിക്കോട് ജില്ലയില്‍ ചാത്തമംഗലം പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തില്‍ മാത്രം പത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരാണ് മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതത്തില്‍ കഴിയുന്നത്. മൂന്ന് മാസത്തിലേറെയായി ശമ്പളം കിട്ടിയില്ലെങ്കിലും ഇവര്‍ കൊവിഡ് ഡ്യൂട്ടി തുടരുകയാണ്.

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ രോഗബാധിതരെ നേരിട്ട് പരിചരിക്കുന്ന ഡ്യൂട്ടിയില്‍ ഉള്ളവരാണ് ഈ അവഗണന അനുഭവിക്കുന്നത്. അതേസമയം പഞ്ചായത്ത് ആണ് ശമ്പളം നല്‍കേണ്ടത് എന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും വിവരം. ഇതേക്കുറിച്ച് കൊവിഡ് താത്കാലിക ജീവനക്കാരുടെ നിയമന ചുമതയുള്ള എന്‍എച്ച്എം ഡിപിഎം പ്രതികരിച്ചത് ശമ്പളം നല്‍കേണ്ടത് ചാത്തമംഗലം പഞ്ചായത്താണ് എന്നാണ്. പഞ്ചായത്ത് അധികൃതരുടെ അനസ്ഥയാണ് ശമ്പളം നല്‍കാത്തതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട്.